News in detail

Date of publish:14-01-2021
അതിജീവനത്തിന്റെ ശക്തി പകർന്ന് ജനസംസ്കൃതി സർഗോത്സവത്തിന് സമാപനം |
ന്യൂഡൽഹി: ജനജീവിതത്തിന്റെ സമസ്തമേഖലകളും കോവിഡ് മഹാമാരിക്കുമുൻപിൽ പകച്ചുനിന്നപ്പോൾ, ജനോപകാരപ്രവർത്തനങ്ങളും സാംസ്കാരിക വിഷയങ്ങളുമായി സജീവമാകാൻ ജനസംസ്കൃതിക്ക് കഴിഞ്ഞു. സംഘടനയുടെ ചരിത്രത്തിൽ പുതിയ ഒരു അദ്ധ്യായം എഴുതിച്ചേർത്തുകൊണ്ടാണ് ഈ വർഷത്തെ സർഗോത്സവം സമാപിച്ചത്. കഴിഞ്ഞ മൂന്ന് മാസങ്ങളായി നടന്ന മുന്നൊരുക്കങ്ങൾക്ക് ഡൽഹി-എൻ സി ആർ മേഖലയിലെ ജനങ്ങളിൽനിന്ന് അഭൂതപൂർവമായ പ്രതികരണം ലഭിച്ചു. കേരള മുഖ്യമന്ത്രി പ്രധാന രക്ഷാധികാരിയായും ഓംചേരി എൻ. എൻ. പിള്ള അധ്യക്ഷനായ, സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ ഉൾപ്പെട്ട ഉപദേശക സമിതിയും താങ്ങും തണലുമായി. ഈ നൂറ്റാണ്ടിൽ ലോകം കണ്ട ഏറ്റവും അസാധാരണമായ അന്തരീക്ഷത്തിൽ, അവലംബിക്കേണ്ട എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്, വ്യക്തിഗത ഇനങ്ങളിൽ മാത്രം ആവാസ്തവിക മാധ്യമത്തിലാണ് മത്സര ഇനങ്ങൾ ഒരുക്കിയിരുന്നത്. ജനസംസ്കൃതി യുവജനവിഭാഗം നിയന്ത്രിച്ച ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഈ കലാമാമാങ്കത്തിന് ഏഴുനിറങ്ങൾ പകർന്നു. 1200ലധികം കുട്ടികളും യുവജനങ്ങളും അടങ്ങിയ മത്സരാർത്ഥികൾ,18 ഇനങ്ങളിൽ തങ്ങളുടെ പ്രകടനം കാഴ്ചവച്ചു. ചിത്രരചനാ-സാഹിത്യ മത്സരങ്ങൾക്ക് മുന്നോടിയായി അതാതു മേഖലകളിലെ പ്രഗത്ഭരെ ഉൾപ്പെടുത്തി പരിശീലനക്കളരികൾ നടത്തി. ജസ്റ്റിസ് കുര്യൻ ജോസഫ് ഉൾപ്പെടെ സച്ചിദാനന്ദൻ, കെ.ഇ. എൻ., ഡോ. പി. കെ. പോക്കർ, എ. എം. ആരിഫ് എം. പി., സ്വരാജ് എം.എൽ.എ., ബിനോയ് വിശ്വം എം. പി. തുടങ്ങി നിരവധി പ്രശസ്തർ ആശംസാ സന്ദേശങ്ങൾ അയച്ചിരുന്നു. ബ്രാഞ്ചുതല മത്സരങ്ങളുടെ പ്രക്ഷേപണം ഡിസംബർ മാസം കഴിഞ്ഞു. ജനസംസ്കൃതി ഫേസ്ബുക്ക് ലൈവായി ജനുവരി 3-ന് തുടങ്ങിയ കേന്ദ്രതല മത്സരങ്ങൾ ഞായറാഴ്ച, 10/01/21-ൽ അവസാനിച്ചു. ഡോ. വി. പി. ജോയ് ഐ. എ. എസ്. ഉദ്ഘാടനം ചെയ്ത സമാപനചടങ്ങിൽ, വൈസ് പ്രസിഡന്റ് പ്രസന്ന കെ. കെ. അധ്യക്ഷത വഹിച്ചു. ജനസംസ്കൃതി സ്ഥാപക പ്രവർത്തകരിൽ ഒരാളും കേന്ദ്രകമ്മിറ്റി അംഗവുമായ എ. എൻ. ദാമോദരൻ സ്വാഗതവും, സർഗോത്സവം ജനറൽ കൺവീനറും സംഘടനാ ജനറൽ സെക്രട്ടറിയുമായ വിനോദ് കമ്മാളത്ത് നന്ദി പ്രകാശനവും നടത്തി. സാമൂഹിക ജീവിതത്തിന്റെ നിരവധി ഭാവങ്ങൾ പ്രതിഭലിപ്പിച്ച നാടോടി നൃത്തത്തോടെ മത്സരഇനങ്ങൾ അവസാനിച്ചു. അതിജീവനത്തിന്റെ, ഇശ്ചാശക്തിയുടെ, മാനവികതയുടെ പുത്തൻ പാഠങ്ങളും വർധിച്ച ഉണർവുമായി ഈ വർഷത്തെ സർഗ്ഗസംഗമത്തിന് തിരശീലവീണു. |