News in detail

Date of publish:26-01-2021
ദിശാ ബോധമുള്ള തലമുറ വളർന്നു വരേണ്ടത് അനിവാര്യമെന്ന് ഡി.എം.എ. വെബ്ബിനാറിൽ ഡോ വി പി ജോയ് ഐ.എ.എസ്. |
ന്യൂ ഡൽഹി: ദിശാ ബോധമുള്ള ഒരു തലമുറ വളർന്നു വരേണ്ടത് അനിവാര്യമെന്ന് ഡി.എം.എ. വെബ്ബിനാറിൽ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറും കേരളാ സർക്കാരിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയുമായ ഡോ വി പി ജോയ് ഐ.എ.എസ്. കുട്ടികൾക്ക് താല്പര്യമുള്ള വിഷയങ്ങൾക്കാവണം പ്രാധാന്യം നൽകേണ്ടതെന്നും രക്ഷിതാക്കൾക്ക് നേടാനാവാതെ പോയത് കുട്ടികളിലൂടെ വീണ്ടെടുക്കാമെന്ന മോഹം അവരെ സമ്മർദ്ദത്തിലാക്കാനേ ഉപകരിക്കുവെന്നും വളരെ വേഗത്തിൽ എത്തപ്പെടുന്നതിലല്ല ശരിയായ സ്ഥലത്ത് എത്തിച്ചേരുന്നതിലാണ് ശ്രദ്ധിക്കേണ്ടതെന്നും മത്സരങ്ങളിലെ വിജയം ജീവിത വിജയത്തിൽ സ്വാധീനം ചെലുത്തണമെന്നില്ലന്നും സത്ഗുണങ്ങളായ സംസ്കാരവും മാനുഷിക മനോഭാവവും ചെറുപ്പം മുതൽ കുട്ടികൾക്ക് ലഭ്യമാക്കുന്നതിൽ മാതാപിതാക്കൾ ശ്രദ്ധാലുവാകണമെന്നും ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന വെബിനാറിൽ 'തൊഴിൽ സംബന്ധമായ മാർഗോപദേശവും കുട്ടികളുടെ ഭാവി വിദ്യാഭ്യാസത്തിൽ രക്ഷിതാക്കളുടെ പങ്കും' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠനത്തോടൊപ്പം സംരംഭകനാകാനുള്ള വൈദഗ്ദ്ധ്യം കൂടി നേടുകയും മറ്റുള്ളവർക്ക് ജോലി നൽകുവാനുള്ള കാലമാണിതെന്നും അതിനായി ചിന്തിക്കാൻ കഴിവുള്ള തലമുറയാണ് രാജ്യത്തിനാവശ്യമെന്നും ശ്രീ നാരായണ ഗുരുദേവനരുളിയപോലെ 'അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്റെ സുഖത്തിനായി വരേണം' എന്നതുപോലെ നാം സ്വന്തമായി എന്ത് നേടുന്നുവെന്നല്ല സമൂഹത്തിനു വേണ്ടിയും മറ്റൊരുവനു വേണ്ടിയും എന്ത് സംഭാവനകൾ നൽകാൻ നമുക്ക് കഴിഞ്ഞു എന്നതിലൂടെയാവണം വിജയം കണ്ടെത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു ഡി.എം.എ. മുൻ പ്രസിഡന്റ് എ വി ഭാസ്കരൻ, എൻ.എസ്.എസ്. ഡൽഹി പ്രസിഡന്റ് എം കെ ജി പിള്ള, ഡിഎംഎ കേന്ദ്രക്കമ്മിറ്റി അംഗങ്ങൾ, ഏരിയ ഭാരവാഹികൾ .തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. |