News in detail
ഭക്തിസാന്ദ്രമായി ചില്ലാ അയ്യപ്പ പൂജാ സമിതിയുടെ മണ്ഡല പൂജ സമാപിച്ചു |
ന്യൂ ഡൽഹി : മയൂർ വിഹാർ ഫേസ് 1-ലെ ചില്ലാ അയ്യപ്പ പൂജാ സമിതിയുടെ ആഭിമുഖ്യത്തിൽ 27-ാമത് മണ്ഡല പൂജാ മഹോത്സവം ഭക്തിസാന്ദ്രമായി സമാപിച്ചു. 2023 ഡിസംബർ 23 ശനിയാഴ്ച്ച രാവിലെ 5:30-ന് യദു കൃഷ്ണയുടെ കാർമ്മികത്വത്തിൽ മഹാ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. സേതുരാമൻ പരികർമ്മിയായിരുന്നു. പ്രഭാത പൂജകൾക്ക് ശേഷം സന്തോഷ് നാരങ്ങാനം, ചിത്രാ വേണുധരൻ, അനീഷ് ശൂരനാട്, മനോജ് കുമാർ കോഴിക്കോട്, കീർത്തനാ നായർ, അക്ഷയ അനീഷ് തുടങ്ങിയവർ ചില്ലാ അയ്യപ്പ പൂജാ സമിതിയുടെ ആഭിമുഖ്യത്തിൽ ഭക്തി ഗാനങ്ങൾ ആലപിച്ചു. വേണുഗോപാൽ തബലയിലും പ്രകാശ് മൃദംഗത്തിലും ഭക്തിഗാനങ്ങൾക്ക് അകമ്പടിയായി. ഉച്ചക്ക് നടന്ന അന്നദാനത്തിൽ ആയിരത്തിലധികം ഭക്ത ജനങ്ങൾ പങ്കെടുത്തു. വൈകുന്നേരം ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ അയ്യപ്പൻ കോവിലിൽ നിന്നും താലപ്പൊലിയുടെയും ചെറുതാഴം സഞ്ജീവൻ മാരാരും സംഘവും അവതരിപ്പിച്ച വാദ്യമേളങ്ങളുടെയും അകമ്പടിയോടെ, പൂജിച്ച് പുഷ്പ മാല്യങ്ങൾ ചാർത്തിയ അയ്യപ്പ സ്വാമിയുടെ ഛായാ ചിത്രവുമായി ആരംഭിച്ച എഴുന്നെള്ളത്ത് പോക്കറ്റ് 1 മെട്രോ സ്റ്റേഷൻ, ഹിമ്മത്ത് പുരി, ത്രിലോക് പുരി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് 7:15-ന് പൂജാ സന്നിധിയിലെത്തി. തുടർന്നു നടന്ന മഹാദീപാരാധനയും ദീപക്കാഴ്ച്ചയും പൂജാ സന്നിധിയിലെത്തിയ ജനഹൃദയങ്ങളെ ഭക്തിസാന്ദ്രമാക്കി. ചില്ലാ അയ്യപ്പ പൂജാ സമിതി പ്രസിഡന്റ് ചന്ദ്രബാബു, വൈസ് പ്രസിഡന്റ് മനോജ് കുമാർ, സെക്രട്ടറി സന്തോഷ് കുമാർ, ജോയിന്റ് സെക്രട്ടറി സനഭീംറാവു, ട്രെഷറർ വേണുഗോപാൽ തട്ടയിൽ തുടങ്ങിയവർ മണ്ഡല മഹോത്സവത്തിന് നേതൃത്വം നൽകി. |