ഡൽഹിയിൽ സ്ത്രീകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി സുപ്രീം കോടതി സമഗ്രമായ നടപടികൾ നിർദ്ദേശിച്ചു
| Published | 09-10-2026 |
|---|---|
| Category | Latest News |
News Detail
ന്യൂഡൽഹി: കുറ്റകൃത്യങ്ങൾ നടന്നതിന് ശേഷം അന്വേഷിക്കുന്നതിനേക്കാൾ, അവ തടയുന്നതിനാണ് (Preventive Policing) മുൻഗണന നൽകേണ്ടതെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 'ബ്രോക്കൺ വിൻഡോസ്' സിദ്ധാന്തം ചൂണ്ടിക്കാട്ടിയ കോടതി, കേടായ തെരുവ് വിളക്കുകളും സിസിടിവികളും കുറ്റകൃത്യങ്ങൾക്ക് വഴിതെളിക്കുമെന്നും മുന്നറിയിപ്പ് നൽകി.
ഡൽഹി ചീഫ് സെക്രട്ടറിയും പൊലീസ് കമ്മീഷണറും നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിൽ നേരിട്ട് ഉത്തരവാദികളായിരിക്കും. നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ ഇരുവരും വ്യക്തിപരമായി മറുപടി പറയേണ്ടിവരും. കൂടാതെ, സ്കൂൾ-കോളേജ് വിദ്യാർത്ഥിനികളുടെ സുരക്ഷയ്ക്കായി ആവിഷ്കരിച്ച 'ഷിഷ്ടാചാർ സ്ക്വാഡ്', 'ഓപ്പറേഷൻ നിർഭീക്', 'നാസുക്' എന്നീ പദ്ധതികളുടെ പുരോഗതി റിപ്പോർട്ടും നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്.
നടപടിക്രമങ്ങൾ വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോർട്ട് സമർപ്പിക്കാൻ അധികൃതർക്ക് നവംബർ 6 വരെ സമയം അനുവദിച്ച കോടതി, കേസ് കൂടുതൽ വാദത്തിനായി നവംബർ 16-ലേക്ക് മാറ്റി.
പ്രധാന നിർദ്ദേശങ്ങൾ:
പട്രോളിംഗ് ശക്തമാക്കൽ: സ്കൂളുകൾ, കോളേജുകൾ, കോച്ചിംഗ് സെന്ററുകൾ, മറ്റ് സെൻസിറ്റീവ് മേഖലകൾ എന്നിവയ്ക്ക് ചുറ്റും പൊലീസിന്റെ പട്രോളിംഗ് ഊർജ്ജിതമാക്കണം.
വാഹന പരിശോധനയും വെരിഫിക്കേഷനും: ഓല, യൂബർ, റാപ്പിഡോ ഉൾപ്പെടെയുള്ള ആപ്പ് അധിഷ്ഠിത ക്യാബുകൾ, പൊതു-സ്വകാര്യ ബസുകൾ, ഓട്ടോറിക്ഷകൾ എന്നിവയിലെ ഡ്രൈവർമാരുടെയും അസിസ്റ്റന്റുമാരുടെയും കർശനമായ വിവരശേഖരണവും വെരിഫിക്കേഷനും നടത്തണം. ഡ്രൈവർമാരുടെ പേരും ചിത്രവും യാത്രക്കാർക്ക് വ്യക്തമായി കാണാവുന്ന രീതിയിൽ വാഹനങ്ങളിൽ പ്രദർശിപ്പിക്കണം.
കമാൻഡ് സെന്ററുകൾ: സിസിടിവി നിരീക്ഷണവും പട്രോളിംഗും തത്സമയം ഏകോപിപ്പിക്കുന്നതിനും അടിയന്തര പ്രതികരണത്തിനുമായി 'വാർ റൂമുകൾ' അല്ലെങ്കിൽ പ്രത്യേക കമാൻഡ് സെന്ററുകൾ സ്ഥാപിക്കണം.
ജിപിഎസ് & എസ്‌ഒഎസ് (SOS): വാഹനങ്ങളിലെ ട്രാക്കിംഗ് സിസ്റ്റങ്ങളും എസ്.ഒ.എസ് ബട്ടണുകളും കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്താൻ ഇടയ്ക്കിടെ പരിശോധനകൾ നടത്തണം.