News & Information > Latest News

ഐ.ജി. ഇൻഡോർ സ്റ്റേഡിയത്തിൽ “നുഹരോ ശാറീറോ” – സംഗീതാർച്ചനയുടെ മഹാവിരുന്ന്

ഐ.ജി. ഇൻഡോർ സ്റ്റേഡിയത്തിൽ “നുഹരോ ശാറീറോ” – സംഗീതാർച്ചനയുടെ മഹാവിരുന്ന്

News & Information > Latest News

News Detail

ന്യൂഡൽഹി, നവംബർ 17, 2026: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഡൽഹി ഭദ്രാസന രൂപീകരണത്തിന്റെ സുവർണ്ണ ജൂബിലി സമാപനവും, ഉത്തരേന്ത്യയിലെ ആദ്യ ഓർത്തഡോക്സ് സുറിയാനി ദേവാലയമായ ഹൗസ് ഖാസ് സെന്റ് മേരീസ് കത്തീഡ്രലിന്റെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനവും സംയുക്തമായി നവംബർ 22 ഞായറാഴ്ച വൈകിട്ട് 3 മണിക്ക് ന്യൂഡൽഹി ഐ.ജി.ഇൻഡോർ സ്റ്റേഡിയത്തിലെ കെ.ഡി. ജാദവ് അരീനയിൽ നടക്കും.

ആഘോഷങ്ങളുടെ ഭാഗമായി ഉത്തരേന്ത്യയിൽ ആദ്യമായി ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുള്ള ഗായകർ ഒത്തുചേരുന്ന “നുഹരോ ശാറീറോ” എന്ന സംഗീതാർച്ചന അരങ്ങേറും. പ്രശസ്ത സംഗീതജ്ഞൻ ബ്രദർ സാം തോമസ് നയിക്കുന്ന ഈ സംഗീതവിരുന്ന് ഉത്തരേന്ത്യയിലെ സഭയുടെ പൂർവികർക്കുള്ള ആദരസമർപ്പണമായിരിക്കും.

ഡൽഹി ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്ത സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ മലങ്കര മെത്രാപ്പോലീത്തയും കാതോലിക്കയുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. റഷ്യൻ അംബാസഡർ എച്ച്.ഇ. ഡെനിസ് അലിപോവ്, സ്വാമി ശാന്താത്മാനന്ദ (രാമകൃഷ്ണ മിഷൻ), അഡ്വ. ഹാരിസ് ബീരാൻ എം.പി., ആർച്ച് ബിഷപ്പ് അനിൽ ജോസഫ് തോമസ് കൂട്ടോ, അഭിവന്ദ്യ മാർ കുര്യാക്കോസ് ഭരണികുളങ്ങര, റൈറ്റ് റവ. ഡോ. പോൾ സ്വരൂപ്, മോസ്റ്റ് റവ. ഡോ. തോമസ് മാർ അന്തോണിയോസ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

ചരിത്രവും വളർച്ചയും

1942-ൽ ഡൽഹിയിലെത്തിയ മലങ്കര നസ്രാണി സമൂഹത്തിന്റെ കൂട്ടായ്മയിലൂടെയാണ് തലസ്ഥാനത്തെ സഭാചരിത്രം ആരംഭിക്കുന്നത്. 1952 ഡിസംബർ 19-ന് സെന്റ് മേരീസ് ഇടവക രൂപീകൃതമായി. 1964-ൽ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് യാക്കോബ് തൃതീയൻ ശിലാസ്ഥാപനം നിർവഹിച്ച ദേവാലയം 1968-ൽ കൂദാശ ചെയ്യപ്പെടുകയും, അതേവർഷം എത്യോപ്യൻ ചക്രവർത്തി ഹെയ്‌ലി സെലാസി ഒന്നാമൻ ഇടവക ഹാൾ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. 1979-ൽ ദേവാലയം കത്തീഡ്രൽ പദവിയിലേക്ക് ഉയർത്തപ്പെട്ടു.

1975-ൽ രൂപീകൃതമായ ഡൽഹി ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്ത ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് ആയിരുന്നു. 15 കുടുംബങ്ങളുമായി ആരംഭിച്ച ഭദ്രാസനത്തിന് ഇന്ന് ഡൽഹി എൻ.സി.ആറിലും പരിസരങ്ങളിലുമായി 40-ലധികം ഇടവകകളുണ്ട്.

സാമൂഹിക സേവനങ്ങളും പുതിയ പദ്ധതികളും

കത്തീഡ്രലിന്റെയും ഭദ്രാസനത്തിന്റെയും നേതൃത്വത്തിൽ 14 ദേവാലയങ്ങൾ, ഒൻപത് ഹയർ സെക്കൻഡറി സ്കൂളുകൾ, മൂന്ന് ആരോഗ്യകേന്ദ്രങ്ങൾ, ഭിന്നശേഷി വിദ്യാലയം എന്നിവ പ്രവർത്തിക്കുന്നു. ഹരിയാനയിലെ സോഹ്നയിൽ ശാന്തിഗ്രാം വിദ്യാനികേതൻ സ്കൂൾ, അയ നഗറിലെ സെന്റ് മേരീസ് മെഡിക്കൽ സെന്റർ, 2025-ൽ ആരംഭിച്ച എച്ച്.ഒ.പി.ഇ. (HOPE) സ്കൂൾ, കാൻസർ-വൃക്കരോഗികൾക്ക് ധനസഹായം നൽകുന്ന സെന്റ് മേരീസ് ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് (SMBC) എന്നിവ ശ്രദ്ധേയമായ ജീവകാരുണ്യ പ്രവർത്തനങ്ങളാണ്.

പ്ലാറ്റിനം ജൂബിലി വർഷത്തിൽ മുതിർന്ന പൗരന്മാർക്കായി വയോജന പരിപാലന പദ്ധതി, സോഹ്നയിലെ ശാന്തിഗ്രാം സമുച്ചയത്തിൽ മൂന്ന് ഏക്കറിൽ സ്പോർട്സ് അക്കാദമി, അയ നഗർ സെന്റ് പോൾസ് സ്കൂളിൽ ആധുനിക ബഹുമുഖ ഹാൾ, ലബോറട്ടറികൾ, വിപുലീകരിച്ച ലൈബ്രറി എന്നിവയും സഭ പൊതുസമൂഹത്തിനായി സമർപ്പിക്കും.

Advertisements (Tap/Click to visit page)
Grace Christian Wedding Gown & Bridal Makeup Harisankara Jyothishalayam Kairali Info Media LLP Raveendran Nair Happyy Kerala Piravi Day