News & Information > Latest News

ജൂബിലി സമാഗമം - ഇന്നലെകളുടെ നന്ദിസമർപ്പണവും നാളെയുടെ പ്രത്യാശയും

ജൂബിലി സമാഗമം - ഇന്നലെകളുടെ നന്ദിസമർപ്പണവും നാളെയുടെ പ്രത്യാശയും

News & Information > Latest News

News Detail

ന്യൂ ഡൽഹി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഡൽഹി ഭദ്രാസനത്തിന്റെ സുവർണ്ണ ജൂബിലി സമാപനവും ഉത്തരേന്ത്യയിലെ പ്രഥമ ദേവാലയമായ ഹൗസ് ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും സംയുക്തമായി 2026 നവംബർ 22-ന് ന്യൂഡൽഹിയിലെ കെ.ഡി. ജാദവ് ഇൻഡോർ സ്റ്റേഡിയത്തിൽ പ്രൗഢഗംഭീരമായി ആഘോഷിച്ചു.

അരനൂറ്റാണ്ടുകാലത്തെ വിശ്വാസസാക്ഷ്യത്തിന്റെയും ആത്മീയ ശുശ്രൂഷയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും ചരിത്രം അടയാളപ്പെടുത്തിയ ഡൽഹി ഭദ്രാസനത്തിന്റെ സുവർണ്ണ ജൂബിലി, കഴിഞ്ഞ കാലങ്ങളിലെ ദൈവിക പരിപാലനയ്ക്കുള്ള നന്ദിസമർപ്പണവും വരും തലമുറകൾക്കായുള്ള പ്രത്യാശാനിർഭരമായ മുന്നേറ്റത്തിനുള്ള ആഹ്വാനവുമായി മാറി. അതോടൊപ്പം, ഉത്തരേന്ത്യയിലെ ഓർത്തഡോക്സ് സഭയുടെ വളർച്ചയ്ക്കും സാക്ഷ്യത്തിനും നാഴികക്കല്ലായി നിലകൊള്ളുന്ന സെന്റ് മേരീസ് കത്തീഡ്രലിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങൾക്കും ഇതോടെ തുടക്കമായി.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ, ഇന്ത്യയിലെ റഷ്യൻ ഫെഡറേഷൻ അംബാസഡർ ഹിസ് എക്സലൻസി ശ്രീ. ഡെനിസ് അലിപോവ് മുഖ്യാതിഥിയായിരുന്നു. രാജ്യസഭാംഗം അഡ്വ. ഹാരിസ് ബീരാൻ, സീറോ മലബാർ കത്തോലിക്കാ സഭയുടെ ഫരീദാബാദ് അതിരൂപതയുടെ മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, രാമകൃഷ്ണ മിഷൻ പ്രതിനിധി സ്വാമി ശാന്താത്മാനന്ദ, സി.എൻ.ഐ. സഭയുടെ  ബിഷപ്പ് ഡോ. പോൾ സ്വരൂപ് എന്നിവർ ആശംസകൾ അർപ്പിച്ചു.

ഉദ്ഘാടനപ്രസംഗത്തിൽ ശ്രീ. ഡെനിസ് അലിപോവ് മലങ്കര ഓർത്തഡോക്സ് സഭയുടെ ആത്മീയവും സാമൂഹികവുമായ സംഭാവനകളെ പ്രത്യേകം അനുസ്മരിക്കുകയും റഷ്യൻ ഓർത്തഡോക്സ് സഭയുമായുള്ള ചരിത്രപരവും സൗഹൃദപരവുമായ ബന്ധങ്ങളുടെ പ്രാധാന്യം എടുത്തുപറയുകയും ചെയ്തു.
അധ്യക്ഷപ്രസംഗത്തിൽ പരിശുദ്ധ കാതോലിക്കാ ബാവ, ദേവാലയങ്ങളുടെ യഥാർത്ഥ മഹത്വം അവയുടെ ഭൗതികമായ കെട്ടിടങ്ങളിലല്ല, മറിച്ച് അശരണരെയും ആലംബഹീനരെയും ചേർത്തുപിടിക്കുന്ന കാരുണ്യപൂർണമായ ശുശ്രൂഷകളിലാണെന്ന് ഓർമ്മിപ്പിച്ചു. മനുഷ്യസ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും പങ്കുവെക്കലിന്റെയും ഇടങ്ങളായി ദേവാലയങ്ങൾ മാറുമ്പോഴാണ് യഥാർത്ഥ ദൈവസാന്നിധ്യം അവിടെ അനുഭവവേദ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹി ഭദ്രാസനം സഭയുടെ ആത്മീയവും സാമൂഹികവുമായ ജീവിതത്തിന് നൽകിവരുന്ന സംഭാവനകൾ മലങ്കര സഭയ്ക്ക് എന്നും അഭിമാനകരമാണെന്നും പരിശുദ്ധ ബാവ തന്റെ സന്ദേശത്തിൽ വ്യക്തമാക്കി.

ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഡൽഹി ഭദ്രാസനം തയ്യാറാക്കിയ  കോഫി ടേബിൾ ബുക്ക്, ശ്രീ. അലക്സാണ്ടർ ജോർജ് മുത്തൂറ്റിന് നൽകി പരിശുദ്ധ കാതോലിക്കാ ബാവ പ്രകാശനം ചെയ്തു.
ശ്രീ. പി. ഗോവിന്ദൻ പിള്ള രചിച്ച 'മാർ ഗ്രിഗോറിയോസിന്റെ മതവും മാർക്സിസവും' എന്ന പുസ്തകം പുനഃപ്രസിദ്ധീകരിച്ച് കത്തീഡ്രലിലെ മുതിർന്ന അംഗങ്ങളായ ശ്രീ. പി.സി. ബേബിക്കും ശ്രീ. ഐപ്പ് വർഗീസിനും നൽകി പ്രകാശനകർമ്മം നിർവഹിച്ചു.

കത്തീഡ്രലിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക തപാൽ കവർ പ്രകാശനം ചെയ്തതും ചടങ്ങിലെ ശ്രദ്ധേയമായ മറ്റൊരു മുഹൂർത്തമായി. കത്തീഡ്രലിന്റെ ആദ്യകാല അംഗങ്ങളിലൊരാളായ മാർത്ത പൗലോസിന്റെ പ്രതിനിധിയായി മകൾ ശ്രീമതി അനു പി. മത്തായി തപാൽ കവർ ഏറ്റുവാങ്ങി.

ഡൽഹി ഭദ്രാസന സെക്രട്ടറി ബഹുമാനപ്പെട്ട ഫാ. സജി എബ്രഹാമിന്റെ ബൈബിൾ വായനയോടെ ആരംഭിച്ച ജൂബിലി സംഗമത്തിന്റെ പൊതുസമ്മേളനം, കത്തീഡ്രൽ വികാരി ബഹുമാനപ്പെട്ട ഫാ. ഷാജി മാത്യൂസിന്റെ കൃതജ്ഞതാപ്രകാശനത്തോടെ സമാപിച്ചു.

പൊതുസമ്മേളനത്തിനു പിന്നാലെ ലിറ്റർജിക്കൽ മ്യൂസിക്കൽ കൺസേർട്ട് അരങ്ങേറി. ബ്രദർ സാം തോമസിന്റെ നേതൃത്വത്തിൽ 75 കലാകാരന്മാർ അണിനിരന്ന സംഗീതാവിഷ്കാരം സദസ്സിന് അവിസ്മരണീയമായ അനുഭവമായി. ആരാധനാപാരമ്പര്യത്തിന്റെ സംഗീതാത്മകമായ ആവിഷ്കാരത്തിലൂടെ വിശ്വാസത്തിന്റെ പ്രകാശവും ആത്മീയതയുടെ സൗന്ദര്യവും പ്രേക്ഷകരിലേക്ക് പകർന്നുനൽകാൻ ഈ സംഗീതസന്ധിക്കു കഴിഞ്ഞു.

Advertisements (Tap/Click to visit page)
Grace Christian Wedding Gown & Bridal Makeup Harisankara Jyothishalayam Kairali Info Media LLP Raveendran Nair Happyy Kerala Piravi Day